Friday, September 20, 2013

ലൈംഗികച്ചരക്കിനും പവിത്രമാതാവിനുമിടയില്‍



ഭീതിയുടെയും അവ്യക്തമായ നിലപാടുകളുടെയും തടവുകാരനായ ചലച്ചിത്രകാരനാണ് ബ്ളെസി എന്ന് വീണ്ടും തെളിയിക്കുന്ന സാഹസമാണ് ‘കളിമണ്ണ്’. മലയാള സിനിമ കണ്ട മികച്ച നടിയായ ശ്വേതാമേനോനെ നിസ്സഹായവും അപക്വവും അപാകവുമായ അഭിനയത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണീ സിനിമയില്‍. മെഡിക്കല്‍ ത്രില്ലര്‍ എന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്ന ‘കളിമണ്ണി’ല്‍, ശ്വേതാമേനോന്‍െറ പ്രസവം നേരിട്ട് ചിത്രീകരിച്ചതായി വാര്‍ത്തവരുത്തി വിവാദമുണ്ടാക്കുകയും അതിനനുസരിച്ച് ഒരു കഥയും തിരക്കഥയും തുന്നിയുണ്ടാക്കുകയും ചെയ്തിരിക്കുകയാണ്. ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ക്കും കാമറക്കാര്‍ക്കുമെതിരെ പരിഭ്രാന്തമായ ആക്രമണമാണ് സംവിധായകന്‍ നടത്തുന്നത്. സിനിമ എന്ന തന്‍െറ മാധ്യമത്തിന്‍െറ സ്വാച്ഛന്ദ്യത്തിനും അപരിമിത ആവിഷ്കാര സ്വാതന്ത്ര്യത്തിനുംവേണ്ടി നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന സംവിധായകന്‍ ടെലിവിഷന്‍ അടക്കമുള്ള ഇതര മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ പരിധിവിട്ട് ആക്രമിക്കുന്നത്, സംവിധായകന്‍ അഭിമുഖീകരിക്കുന്ന അരക്ഷിതത്വ ഭീതിയെയാണ് വെളിപ്പെടുത്തുന്നത്. സെലിബ്രിറ്റികളുടെ സ്വകാര്യജീവിതത്തിലേക്കും ശരീരഭാഗങ്ങളിലേക്കും തുറിച്ചെത്തുകയും കുഴിഞ്ഞിറങ്ങുകയും ചെയ്യുന്ന കാമറയുടെ കൂര്‍ത്ത നോട്ടത്തെ തുറന്നുകാണിക്കുന്നു എന്നു ഭാവിക്കുന്ന ബ്ളെസി, ഐറ്റംഡാന്‍സിന്‍െറ ചിത്രീകരണമെന്നപേരില്‍, നടിയുടെ ശരീരത്തെ ഖണ്ഡം ഖണ്ഡമാക്കി സമീപദൃശ്യങ്ങളിലൂടെ ചരക്കുവത്കരിക്കുന്നതില്‍ ഏറെ കമ്പോളശ്രദ്ധ പ്രകടിപ്പിക്കുന്നതിലൂടെ സ്വയം പരിഹാസ്യനുമാകുന്നു. ബ്ളെസിയുടെ സിനിമയും തിരക്കഥയും സ്ത്രീപക്ഷമാണെന്നും അമ്മപക്ഷമാണെന്നും മറ്റും ഗീര്‍വാണമടിക്കുന്ന ബുദ്ധിജീവികളാകട്ടെ അതിലേറെ പരിഹാസ്യരാകുന്നു. ഐറ്റംഡാന്‍സ് എന്ന വ്യാജ കാമപ്രതീതിക്ക് കീഴ്പ്പെടുന്ന ചിത്രം അതേസമയം, പ്രസവരംഗം ആത്മാര്‍ഥമായും ഭാവനാപൂര്‍ണമായും ചിത്രീകരിക്കുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെടുകയും ചെയ്യുന്നു. കിടപ്പറരംഗങ്ങള്‍ മനുഷ്യ/പ്രകൃതി വിരുദ്ധമായും സര്‍ഗേതരമായും ആണ്‍നോട്ടത്തിന് കീഴ്പ്പെടുത്തിക്കൊണ്ടും ചിത്രീകരിച്ച് തെറ്റായ മാതൃകകള്‍ ആവര്‍ത്തിക്കുന്ന മലയാള സിനിമക്ക് പ്രസവം എപ്രകാരം മൗഢ്യത്തോടെ ചിത്രീകരിക്കാം എന്നതിനുള്ള മാതൃകയാണ് ‘കളിമണ്ണ്’ രൂപവത്കരിച്ചിരിക്കുന്നത്.

ഒരു സ്ത്രീയുടെ ഏറ്റവും സ്വകാര്യമായ നിമിഷത്തെ കച്ചവടവത്കരിക്കാനുള്ള ബ്ളെസിയുടെയും ശ്വേതാമേനോന്‍െറയും സാമര്‍ഥ്യമാണ് പ്രസവരംഗം കാമറയില്‍ ചിത്രീകരിക്കാനുള്ള തീരുമാനവും പ്രവൃത്തിയുമെന്നായിരുന്നു തീവ്ര വലതുപക്ഷ/മതപ്രോക്ത വിഭാഗങ്ങളുടെ ആക്ഷേപം. ഉത്സവപ്പറമ്പില്‍, ബ്രേക്ക് ഡാന്‍സ് കാണിക്കുന്നതു പോലെ അടുത്ത പ്രസവം ലൈവായി കാണിക്കാനും ശ്വേതാമേനോന്‍ മടിക്കില്ല എന്നൊക്കെയായിരുന്നു ഈ പ്രകോപന ഏജന്‍റന്മാരുടെ (ഏജന്‍റ് പ്രൊവോക്കേറ്റേഴ്സ്) അതിവാദബഹളങ്ങള്‍. പിന്തിരിപ്പന്‍ കോണുകളില്‍നിന്ന് ശബ്ദായമാനമായി ഉയര്‍ന്നുവന്ന ഈ ആക്ഷേപം, പൊടുന്നനെ ബ്ളെസിയെ ഒരു പുരോഗമനനായകനാക്കി തീര്‍ത്തു. ഈ പുരോഗമന നായകത്വത്തെ  ആഘോഷിക്കുന്നതിനായിട്ടാണ്  ജസ്റ്റിസ് കെ.ടി. തോമസ്, സാറാ ജോസഫ്, ദീദി ദാമോദരന്‍,  ജമീലാ പ്രകാശം തുടങ്ങിയ  ഉത്പതിഷ്ണുക്കള്‍ ‘കളിമണ്ണി’നകത്തെ ടെലിവിഷന്‍ ഷോകളില്‍ പ്രത്യക്ഷപ്പെട്ട് ഈ ശ്രമത്തെ ശ്ളാഘിക്കുന്നത്. സ്വന്തം ശരീരത്തെ കാമോത്തേജകമായും അല്ലാതെയും പ്രദര്‍ശനവിധേയമാക്കുന്നതില്‍ പ്രഫഷനലായ മികവ് ഇതിനകംതന്നെ പ്രകടിപ്പിച്ചിട്ടുള്ള ശ്വേതയുടെ നിലപാട് ആത്മാര്‍ഥവും സുതാര്യവുമായിരിക്കെ, ബ്ളെസിയുടേതും അതിനെ പ്രോത്സാഹിപ്പിക്കുന്ന ഈ ബുദ്ധിജീവികളുടെയും സമീപനങ്ങള്‍ സംശയാസ്പദമാണെന്നതാണ് വാസ്തവം. മറ്റ് ഏത് സിനിമയിലായിരുന്നാലും കൂവല്‍ കിട്ടാന്‍ പാകത്തിലുള്ള സീനുകള്‍ ധാരാളം ഉണ്ടായിട്ടും, തങ്ങള്‍ കൂവിയാല്‍ അത് മാതൃത്വത്തോടുള്ള അവഹേളനമാവുമോ എന്ന ഭയത്താല്‍ കൂതറയായി വന്ന പ്രേക്ഷകര്‍പോലും അപശബ്ദമുണ്ടാക്കാതെ, എണീറ്റുപോവാതെ തീരുംവരെ സീറ്റില്‍ ഉത്തമപുത്രന്മാരായി അഭിനയിച്ചു തകര്‍ക്കുകയാണ് (കവിയായ ശൈലന്‍െറ ഫേസ്ബുക് പോസ്റ്റില്‍നിന്ന്). സാധാരണക്കാരായ കാണികള്‍വരെ ഇത്തരം കപടനാട്യത്തിലേക്ക് ഒളിക്കുമ്പോള്‍, ബുദ്ധിജീവികളുടെ കാര്യം പറയണോ!

ഈ പരിഹാസ്യചിത്രത്തിലെ പ്രസവംകാണുമ്പോള്‍ ഗൗരവമുള്ള സിനിമകളുമായി അല്‍പമെങ്കിലും പരിചയമുള്ളവര്‍ നിശ്ചയമായും ഓര്‍ത്തത്, യഥാര്‍ഥത്തിലുള്ള പ്രസവരംഗത്തിന്‍െറ ദൃശ്യത്തോടെ അവസാനിക്കുന്ന മാര്‍താ മെസാറസിന്‍െറ ‘ഒമ്പതു മാസങ്ങള്‍’(നയന്‍ മന്ത്സ്/1976/ഹങ്കറി) എന്ന ചിത്രംതന്നെയായിരുന്നു. നായിക വിവാഹംചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരാളുടെ കുഞ്ഞിനെയാണ് അവള്‍ പ്രസവിക്കുന്നത്. പ്രണയം, ലൈംഗികത, മാതൃത്വം, സ്വാതന്ത്ര്യം എന്നീ പ്രതിഭാസങ്ങള്‍ക്കിടയില്‍ പെട്ടുഴലുന്ന സ്ത്രീത്വത്തിന്‍െറ ആന്തരികതകളെയാണ് മാര്‍താ മെസാറസ് തുറന്നുകാണിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയിലാണെങ്കില്‍പോലും ഓരോ സ്ത്രീയും  ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ട്. ഈ ഏകാന്തത അസ്തിത്വവാദപരമാണുതാനും. മുഖ്യധാരയുടെ എടുപ്പുഗോപുരങ്ങള്‍ക്ക് വളരെ താഴെ അല്ലെങ്കില്‍ ഏതോ അജ്ഞാതമായ കോണുകളില്‍ അവളുടെ അസ്തിത്വം അപ്രത്യക്ഷമായിരിക്കുന്നു. ഈ അപ്രത്യക്ഷങ്ങളും മൗനങ്ങളുംതന്നെയാണ് സ്ത്രീത്വത്തിന്‍െറ ആന്തരികത. ഏതു കാര്യമെടുത്താലും നിയാമകന്‍ ഒരാളും അനുസരിക്കപ്പെടേണ്ടവള്‍ മറ്റേയാളും എന്ന രീതിയുടെ അതിസാധാരണപ്രതലത്തിനുള്ളിലെ ലിംഗവിവേചനം നായിക എളുപ്പത്തില്‍ തിരിച്ചറിയുന്നു. സ്വാതന്ത്ര്യം എന്നത് അവളന്വേഷിക്കുന്ന അവസ്ഥയാണോ അതോ ജീവിതയാഥാര്‍ഥ്യത്തിന്‍െറ നെരിപ്പോടുകളിലൂടെ കടന്നുപോകുമ്പോള്‍ അവള്‍  സൗകര്യപൂര്‍വം സ്വീകരിക്കുന്ന അവസ്ഥയാണോ എന്ന സന്ദിഗ്ധതയാണ് സ്ത്രീവാദപരം എന്നു മുദ്രകുത്തപ്പെടുമ്പോഴും ‘നയന്‍ മന്ത്സി’ന്‍െറ ലാവണ്യപരതയെ സവിശേഷമാക്കുന്നത്.

സ്ത്രീത്വത്തെ, കാമോത്തേജക ലൈംഗിക ശരീരം എന്ന പ്രതിനിധാനത്തില്‍നിന്ന് വിമോചിപ്പിച്ച്, മാതൃത്വം എന്ന പവിത്ര പ്രതിനിധാനത്തിലേക്ക് വിശുദ്ധവത്കരിച്ചുകൊണ്ട് പരിമിതപ്പെടുത്താനുള്ള വ്യാജവും പരാജയപ്പെടുന്നതുമായ പരിശ്രമമാണ് ‘കളിമണ്ണി’ല്‍ ബ്ളെസി നടത്തുന്നതെന്നു കാണാം. സ്ത്രീ/അമ്മ ആരാധിക്കപ്പെടേണ്ടവളും പൂജിക്കപ്പെടേണ്ടവളുമായ ദേവി (ഭിന്ന ലൈംഗികതയുടെ ചരിത്രവും ദര്‍ശനവും/ പി.പി. സത്യന്‍/നവമലയാളി.കോം)യാണെന്നു ഘോഷിക്കുന്ന മഹത്ത്വവത്കരണത്തിന്‍െറ വക്താക്കള്‍തന്നെയാണ് അവളെ ലൈംഗികച്ചരക്ക് മാത്രമാക്കി മറുപുറത്തുപയോഗിക്കുന്നതെന്നുമുള്ള ചരിത്രസത്യം ‘കളിമണ്ണി’ലൂടെ ബ്ളെസി സ്വയം വെളിപ്പെടുത്തുന്നുണ്ട്. വേട്ടക്കാര്‍ക്കൊപ്പവും ഇരകള്‍ക്കൊപ്പവും ഓടിയും തളര്‍ന്നും  ബാലന്‍സ് കളിക്കാനുള്ള മിടുക്കില്ലാത്തതുകൊണ്ട് പക്ഷേ, പാവം വശംകെട്ടുപോയെന്നു മാത്രം. കേവലം ജൈവികമായ ഒരു പ്രക്രിയയെ മനുഷ്യധര്‍മം, സമഗ്ര ജീവിതദര്‍ശനം എന്നീ വ്യാപ്തികളിലേക്ക് വികസിപ്പിക്കാനുള്ള പൈങ്കിളിസാഹസമായും ‘കളിമണ്ണി’നെ കണക്കാക്കാം. പ്രസവിച്ചു എന്നതുകൊണ്ട് ഒരാള്‍ അമ്മയാകുന്നില്ലെന്ന് നമ്മുടെ മുന്‍കാല സിനിമകളും ഇപ്പോള്‍ സീരിയലുകളും നിരന്തരമായി അറിയിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്. അമ്മയും കുട്ടിയും തമ്മിലുള്ള രക്തബന്ധത്തെ എല്ലാ മനുഷ്യബന്ധങ്ങള്‍ക്കും മുകളില്‍ പ്രതിഷ്ഠിക്കാനുള്ള വ്യാജവും അസാധ്യവുമായ ഒരു അജണ്ടയാണ് ഇവിടെ പരീക്ഷിക്കപ്പെടുന്നത്. രാജാധിപത്യകാലത്ത് നിലനിന്നിരുന്ന ചാസ്റ്റിറ്റി ബെല്‍റ്റ് (ചാരിത്രപ്പട്ട)പോലെ, പവിത്ര വിശുദ്ധിയുടെ ഒരു പട്ട, ഒരു സിംഹാസനം, ഒരു കിരീടം (മുള്‍ക്കിരീടം!) അമ്മയെന്ന പ്രതിനിധാനത്തിലൂടെ സ്ത്രീക്കുമേല്‍ കെട്ടിവെക്കാനുള്ള പുരുഷാധിപത്യ സമൂഹത്തിന്‍െറ തന്ത്രമായിട്ടുവേണം മാതൃത്വ പ്രഘോഷണങ്ങളെ വിലയിരുത്താന്‍.
ഋതുപര്‍ണോഘോഷ്, അമ്മയും സന്തതിയും തമ്മിലുള്ള ബന്ധത്തിന്‍െറ സങ്കീര്‍ണതകളെക്കുറിച്ച് ‘ഉണിഷെ ഏപ്രില്‍’ മുതലുള്ള നിരവധി സിനിമകളില്‍ ആഴത്തിലുള്ള അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. മാത്രമല്ല, പുരുഷത്വത്തിനും സ്ത്രീത്വത്തിനുമിടയിലെ നൂതനമായ ഒരു ലിംഗപ്രദേശമാണ് തന്‍േറത് എന്ന ആത്മബോധത്തെ കൂടുതല്‍ വ്യക്തമായി പ്രകടിപ്പിക്കാന്‍ അദ്ദേഹം തന്‍െറ അമ്മയുടെ മരണംവരെ കാത്തിരിക്കുകയുമുണ്ടായി. തന്‍െറതന്നെ ഒരവയവമായിട്ടാണ് അമ്മ താന്‍ പ്രസവിച്ച കുട്ടിയെ എത്ര മുതിര്‍ന്നാലും കരുതുന്നതെന്നാണ് ഋതുപര്‍ണോഘോഷ് തെളിയിക്കുന്നത്. സ്നേഹത്തെ സമ്പൂര്‍ണമായും അധികാരവിമുക്തമാക്കാനുള്ള  തുറന്നതും ഗാഢവുമായ ഒരു പ്രക്രിയയായിട്ടാണ് തന്‍െറ വ്യക്തി/ചലച്ചിത്രജീവിതത്തെ ഘോഷ് മാറ്റിത്തീര്‍ക്കുന്നത്.

കാറോടിക്കുമ്പോള്‍ മൊബൈലുപയോഗിച്ചതിനെതുടര്‍ന്ന് അപകടത്തില്‍പെടുന്ന ശ്യാം (ബിജുമേനോന്‍) മസ്തിഷ്കമരണത്തിന് വിധേയനായി വെന്‍റിലേറ്ററില്‍ കൃത്രിമ ജീവന്‍ നിലനിര്‍ത്തിവരുകയായിരുന്നു. അയാളുടെ അവയവങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വീതിച്ചു ദാനംനല്‍കാന്‍ ഭാര്യയായ മീര (ശ്വേതാമേനോന്‍) സമ്മതിക്കുന്നു. എന്നാല്‍, അവയവങ്ങളെല്ലാം എടുത്തതിനുശേഷം മരണത്തിന് വിട്ടുകൊടുക്കുന്നതിനു തൊട്ടുമുമ്പായി അയാളില്‍നിന്ന് ശസ്ത്രക്രിയയിലൂടെ ബീജം ശേഖരിച്ചതിനുശേഷം അവളുടെ അണ്ഡത്തിനോടൊപ്പം ചേര്‍ത്ത് ഐ.വി.എഫിലൂടെ കുട്ടിയെ ജനിപ്പിക്കാനുള്ള പരീക്ഷണമാണ് അവള്‍ നടത്തുന്നത്. അസ്വസ്ഥജനകമായ തന്‍െറ മുന്‍കാല ജീവിതത്തില്‍ അച്ഛനടക്കം എല്ലാ പുരുഷന്മാരും തന്നെ വഞ്ചിച്ചിട്ടേ ഉള്ളൂ എന്ന അനുഭവമുള്ള മീര എന്ന ബാര്‍ നര്‍ത്തകിയില്‍നിന്ന് ഐറ്റം ഡാന്‍സറായും പിന്നീട് നായികയായും വളരുന്ന ആ സുന്ദരിക്ക് ശ്യാമിന്‍െറ പ്രണയവാഗ്ദാനം ആദ്യത്തില്‍ ഗൗരവമുള്ളതായി തോന്നിയതേയില്ല. ആത്മഹത്യക്കടലില്‍നിന്ന് അവളെ രക്ഷിച്ചെടുത്ത അവന്‍െറ പ്രണയാഭ്യര്‍ഥനയെ പിന്നീട് പക്ഷേ, സമയം നഷ്ടപ്പെടുത്താതെ അവള്‍ സ്വീകരിക്കുന്നു. മരണപ്പെടുമ്പോഴും ശ്യാമിന്‍െറ കുട്ടിയെതന്നെ ഗര്‍ഭംധരിക്കണമെന്നും പ്രസവിക്കണമെന്നും ഉള്ള അവളുടെ നിര്‍ബന്ധം, വൈദ്യശാസ്ത്രഗവേഷണത്തിനുള്ള ഒരു സംഭാവനയായി പരീക്ഷണമൃഗമാകാനുള്ള സന്നദ്ധതയായി പരിഗണിക്കാനാവില്ല. പാതിവ്രത്യം, സദാചാരം, ലൈംഗിക പരിശുദ്ധി, സ്വഭാവവൈശിഷ്ട്യം തുടങ്ങിയ സമൂഹ/ചരിത്ര വിരുദ്ധ പരികല്‍പനകളെ മഹത്ത്വവത്കരിക്കാനായിട്ടാണ് സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ച ഭര്‍ത്താവിന്‍െറതന്നെ ബീജം ഗര്‍ഭധാരണത്തിന് കാരണമാകണമെന്ന വാശി അവളിലുണ്ടാക്കുന്നത്. അയാളില്‍ എന്തോ സ്വഭാവവൈശിഷ്ട്യമുണ്ടെന്നും അത് ബീജത്തിലൂടെ പിന്തുടരുമെന്നുമുള്ള (അന്ധ)വിശ്വാസമാണ് ഇതിനവളെ പ്രേരിപ്പിക്കുന്നത്. മരിച്ച ഭര്‍ത്താവ് ചാരിത്രപ്പട്ടയായി അവളെ പൂട്ടിയിടുന്നു എന്നും കണക്കാക്കാം. പൊതുബോധ വിശകലനപ്രകാരം അസാന്മാര്‍ഗികമായ ഒരു ജീവിതം ജീവിച്ചുപോന്ന മീരയുടെ സന്മാര്‍ഗത്തിലേക്കുള്ള മോക്ഷപ്രാപ്തിയുടെ ഒരു ഉപാധികൂടിയായി ഈ തീരുമാനത്തെ കണക്കാക്കാം. സ്നേഹത്തെ സ്വകാര്യസ്വത്തുപോലുള്ള ഒരു സങ്കുചിതച്ചരക്കാക്കി പരിമിതനിര്‍വചനത്തിലൊതുക്കാനുള്ള സമൂഹവിരുദ്ധ നിലപാടാണിതിന് പ്രേരിപ്പിക്കുന്നതെന്നു കാണാം.
സെലിബ്രിറ്റികളുടെ സ്വകാര്യതയിലേക്ക് പൊതുജനം കടന്നുകയറുന്നതിനെക്കുറിച്ചുള്ള പരിഹാസം ‘കളിമണ്ണി’ല്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഭര്‍ത്താവ് കാറപകടത്തില്‍പെട്ട് ആശുപത്രിയിലെ ഐ.സി.യുവില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ അതന്വേഷിച്ചെത്തുന്ന ഐറ്റംഡാന്‍സറായ നടിയോട്, സിനിമാവിശേഷം ചോദിക്കുന്ന റിസപ്ഷനിലെ സര്‍ദാര്‍ജിയും ഓട്ടോഗ്രാഫ് ചോദിക്കുന്ന നഴ്സിങ് വിദ്യാര്‍ഥിനികളുംപോലെ കാരിക്കേച്ചര്‍ ചെയ്യപ്പെട്ട പൊതുജനം/കാണി എന്ന പ്രതിഭാസത്തെ കൂടുതല്‍ സൂക്ഷ്മമായും ആഴത്തിലും വിശകലനംചെയ്തിട്ടുള്ള രണ്ടു സിനിമകള്‍ ഓര്‍ത്തുപോയി. ഫെല്ലിനിയുടെ ‘ലാ ഡോള്‍സ് വിറ്റ’യും ഋതുപര്‍ണോഘോഷിന്‍െറ ‘അസൂഖും’. യുദ്ധാനന്തര ഇറ്റലിയിലെ നാശത്തിനും ദാരിദ്ര്യത്തിനും മുകളില്‍ പണിതുയര്‍ത്തപ്പെട്ട വിലോഭനീയമായ ലോകക്കാഴ്ചയെ വിമര്‍ശിക്കുന്ന ‘ലാ ഡോള്‍സ് വിറ്റ’ കാനില്‍ പാം ദ ഓര്‍ നേടുകയുണ്ടായി. സെലിബ്രിറ്റികളുടെ ഗ്ളാമറിനു പിറകെ പായുന്ന ഛായാഗ്രാഹകരെ പാപ്പരാസികള്‍ എന്നു വിളിക്കുന്ന രീതി ‘ലാ ഡോള്‍സ് വിറ്റ’യില്‍നിന്നാണ് സ്വീകരിക്കപ്പെടുന്നത്. ‘അസൂഖി’ലാവട്ടെ, പ്രസിദ്ധയായ നടിയുടെ പിതാവ് അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു. അയാളെ കാണാനായി അവിടെയെത്തുന്ന നടിയുടെ ചുറ്റും ഡോക്ടര്‍മാരടക്കമുള്ളവര്‍ തടിച്ചുകൂടുന്നതുകൊണ്ട് ആശുപത്രിയാകട്ടെ തെല്ലിട നേരത്തേക്ക് സ്തംഭിക്കുന്നു. ഇതൊഴിവാക്കാനും ആശുപത്രിയിലെ ബില്‍ കൊടുക്കാന്‍കൂടിവേണ്ടി പകല്‍ അഭിനയജോലി ചെയ്യാനുമായും തിരക്കുകുറഞ്ഞ രാത്രിയിലേക്ക് സന്ദര്‍ശനം മാറ്റിവെക്കുന്നതിന്‍െറ പേരില്‍ അവള്‍ അച്ഛനെ വേണ്ടത്ര ശ്രദ്ധിക്കാത്ത ആളായി കുറ്റപ്പെടുത്തപ്പെടുകയുംചെയ്യുന്നു.
സ്വതന്ത്ര കമ്പോളത്തിന്‍െറ അമിത ലാഭേച്ഛയെ അതിന് ആവരണമായിടുന്ന മാതൃത്വ പ്രഘോഷണത്തിലൂടെ പവിത്രീകരിക്കാനുള്ള ബ്ളെസിയുടെ പാഴ്ശ്രമങ്ങളെ അദ്ദേഹത്തിന്‍െറതന്നെ ഉള്ളിലെ ആണധികാരം ഐറ്റം ഡാന്‍സിന്‍െറ കാമോത്തേജനാഘോഷങ്ങളിലൂടെ മറുപുറത്തേക്കെത്തിച്ച ബീഭത്സതയായി ‘കളിമണ്ണ്’ എന്ന ചാപിള്ള ചരിത്രത്തിന്‍െറ ചവറ്റുകുട്ടയിലേക്ക് യാത്രയായിരിക്കുന്നു.