Sunday, September 11, 2011

കാറ്റു വീഴ്ചക്കാലത്തെ സൂപ്പര്‍താരങ്ങള്‍

തമിഴ് സിനിമ അതിഭാവുകത്വത്തിന്റെയും കൃത്രിമാഭിനയത്തിന്റെയും ചതുരോപായങ്ങള്‍ വെടിഞ്ഞ് യഥാതഥത്വത്തെ പുല്‍കാന്‍ വെമ്പുന്ന കാലത്തായതു കൊണ്ടാണ് ഡോക്ടര്‍ ചിയാന്‍ വിക്രം പ്രകടിപ്പിക്കുന്ന അഭിനയമികവ്; ശിവാജി ഗണേശനും എം ജി ആറിനും മുതല്‍ രജനീകാന്തിനും കമല്‍ഹാസനും വരെ ലഭിച്ച അംഗീകാരത്തിന്റെയും ജനപ്രിയതയുടെയും തോതുകളില്‍ ആസ്വാദകരുടെ ലാളനക്ക് പാത്രീഭൂതമാകാതെ പോകുന്നത് എന്നു വേണം കരുതാന്‍. ഐ ആം സാം(ജെസ്സി നെല്‍സണ്‍/2001) എന്ന ഹോളിവുഡ് ചിത്രവും മെയിന്‍ ഐസാ ഹി ഹൂണ്‍(ഹരി ഭവേജ/2005) എന്ന അതിന്റെ ഹിന്ദി പതിപ്പും അനുകരിച്ച് തമിഴിലിറങ്ങിയ ദൈവതിരുമകള്‍ എന്ന പുതിയ സിനിമയിലെ വിക്രം നിര്‍വഹിക്കുന്ന അതിഗംഭീരമായ അഭിനയം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ ആലോചന പങ്കു വെക്കുന്നത്.


അശ്ളീലം കലര്‍ന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അന്തരീക്ഷത്തില്‍ പറന്നുയര്‍ന്നു നടത്തുന്ന ഹൈ വോള്‍ട്ടേജിലുള്ള സ്റണ്ടുകളും വിദേശ ലൊക്കേഷനുകളില്‍ സെക്കന്റു തോറും മാറുന്ന വസ്ത്രവിധാനങ്ങളുടെ(വസ്ത്രമില്ലായ്മകളുടെയും) മോടിയോടെ ആടുന്ന പാട്ടുരംഗങ്ങളും നിറഞ്ഞ പതിവ് തമിഴ് മസാല സിനിമകളുടെ വഴിയിലല്ല, എ എല്‍ വിജയ് എന്ന സംവിധായകന്റെ യാത്ര എന്ന കാര്യം, കിരീടം, പൊയ് സൊല്ല പോറോം, മദ്രാസ് പട്ടണം എന്നീ മുന്‍ ചിത്രങ്ങള്‍ തന്നെ തെളിയിച്ചിട്ടുള്ളതാണ്. മോഹന്‍ലാലും തിലകനും മത്സരിച്ചഭിനയിച്ചു ഗംഭീരമാക്കിയ കിരീട(ലോഹിതദാസ്/സിബി മലയില്‍)ത്തിന്റെ റീമേക്കാണ് വിജയിന്റെ കിരീടമെങ്കില്‍, ഖോസ്ല കാ ഖോസ്ലയുടെ അനുകരണമായിരുന്നു പൊയ് സൊല്ല പോറോം. മദ്രാസ് പട്ടണമാകട്ടെ ടൈറ്റാനിക്കും ലഗാനും തമ്മിലുള്ള ഒരു മിശ്രിതവുമായിരുന്നു. നതിംഗ് ഈസ് ഒറിജിനല്‍.

അഛനും മകളും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ ഗതിവിഗതികളും അവര്‍ തമ്മിലുള്ള സ്നേഹപാരസ്പര്യത്തിന്റെ അഗാധതയുമാണ് ദൈവതിരുമകളുടെ അടിസ്ഥാനപ്രമേയം. അഞ്ചുവയസ്സുകാരിയായ കുസൃതിക്കുടുക്ക നിലാ(സാറ എന്ന കൊച്ചു കൂട്ടുകാരി ഗംഭീരമാക്കിയ കഥാപാത്രം)യുടെ പപ്പയാണ് വിക്രം അവതരിപ്പിക്കുന്ന കൃഷ്ണ. സ്നേഹനിധിയായ അയാള്‍ക്ക് പക്ഷെ ഒരു കുഴപ്പമുണ്ട്. അഞ്ചോ ആറോ വയസ്സുകാരനായ ഒരു കുട്ടിയുടെ ബൌദ്ധിക പാകതയേ അയാള്‍ക്കുള്ളൂ. ശാരീരിക വളര്‍ച്ചക്കു അനുയോജ്യമായ വിധത്തില്‍ മാനസികവളര്‍ച്ച കൈവരിക്കാത്ത ഈ കഥാപാത്രത്തെ മികവുള്ളതാക്കുന്നതില്‍ വിക്രമിന്റെ സംഭാവന എടുത്തുപറയത്തക്ക വിധത്തില്‍ ഗംഭീരമാണ്. മൂണ്ട്രാം പിറൈ(ബാലുമഹേന്ദ്ര)യില്‍ ശ്രീദേവിയും, പതിനാറ് വയതിനിലെ(ഭാരതിരാജ), കല്യാണരാമന്‍, ജപ്പാനില്‍ കല്യാണരാമന്‍(എസ് പി മുത്തുരാമന്‍) എന്നീ സിനിമകളില്‍ കമല്‍ഹാസനും കൈവരിക്കുന്ന അഭിനയ ഉയരങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് വിക്രമിന്റെ പ്രകടനം. കൃഷ്ണാ വന്താച്ച്; നിലാ വന്താച്ച് എന്നു പറഞ്ഞു കൊണ്ട്; കൈകളുടെ പ്രകടനത്തിലൂടെ അഛനും മകളും ചേര്‍ന്ന് നടത്തുന്ന കളികളും, നിലായുടെ ദിനചര്യകള്‍ ശ്വേത(അമലാ പോള്‍)ക്ക് കൃഷ്ണ വിവരിച്ചുകൊടുക്കുന്നതും പോലുള്ള സീനുകള്‍ മൂലചിത്രത്തില്‍ നിന്ന് അതേപടി കോപ്പിയടിച്ചതാണെന്നാണ് അപ്പര്‍സ്റാള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് നിരൂപണങ്ങള്‍ കണ്ടെത്തുന്നത്. അതെന്തായാലും ഈ രംഗങ്ങളില്‍ വിക്രമിന്റെയും സാറയുടെയും പ്രകടനങ്ങള്‍ മനസ്സില്‍ സ്പര്‍ശിക്കുന്നതാണ്.


പ്രസവത്തില്‍ ഭാര്യ മരിക്കുന്നുണ്ടെങ്കിലും അത് കണക്കിലെടുക്കാതെ കൊച്ചു കുഞ്ഞിനെ ആദ്യമായി അഛന്‍ വിസ്മയത്തോടെ കാണുന്നത്; സ്കൂള്‍ ജനാലക്കപ്പുറവും ഇപ്പുറവും നിന്ന് അവര്‍ നടത്തുന്ന ആംഗ്യവിക്ഷേപങ്ങള്‍; കോടതി മുറിയില്‍ വാദപ്രതിവാദം നടക്കവെ അവര്‍ തമ്മില്‍ നടത്തുന്ന നിശ്ശബ്ദമായ ആശയവിനിമയങ്ങള്‍; സ്കൂളാനിവേഴ്സറി ദിവസം അവള്‍ ഇംഗ്ളീഷ് പാട്ട് പാടുന്നത് കേട്ടയാള്‍ ആനന്ദത്തിലാറാടുന്നത് പോലുള്ള സീനുകള്‍ രണ്ടു പേരും അതിഗംഭീരമാക്കിയിട്ടുണ്ട്. സങ്കീര്‍ണതകളോ മറുപുറമോ ഇല്ലാത്ത വിധത്തില്‍ നന്മ മാത്രം കൈമുതലായുള്ള കഥാപാത്രമായിരുന്നിട്ടു കൂടി മിതത്വത്തോടും കൈയടക്കത്തോടും കൂടിയുള്ള വിക്രമിന്റെ അഭിനയം കണ്ണു നനയിക്കുക തന്നെ ചെയ്യും. വക്കീല്‍ക്കിട്ടയും ഡോക്ട്ടര്‍ക്കിട്ടയും പൊയ് പേശ കൂടാത്; ആനാ വക്കീലും ഡോക്ടറും പൊയ് പേശലാം(വക്കീലിനോടും ഡോക്ടറോടും നുണ പറയരുത്; എന്നാല്‍ വക്കീലിനും ഡോക്ടര്‍ക്കും നുണ പറയാവുന്നതാണ്), സാമിക്ക് അമ്മ കെടയാതാ (ദൈവത്തിന് അമ്മയില്ലേ?) തുടങ്ങിയ സംഭാഷണങ്ങള്‍ ആലോചനാമൃതമാണെന്ന ബിഹൈന്റ് വുഡ്സ് റിവ്യൂ ബോര്‍ഡിന്റെ നിരീക്ഷണങ്ങളോട് യോജിക്കാവുന്നതാണ്.


വിക്രം തന്റെ അഭിനയമികവ് ശ്രദ്ധേയമായ വിധത്തില്‍ നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. 1990ല്‍ എന്‍ കാതല്‍ കണ്‍മണി എന്ന സിനിമയിലൂടെ അഭിനയം ആരംഭിച്ച ജോണ്‍ കെന്നഡി വിനോദ് രാജ് എന്ന വിക്രം തമിഴിനു പുറമെ തെലുങ്ക്, മലയാളം സിനിമകളില്‍ അനവധി അപ്രധാന വേഷങ്ങള്‍ ചെയ്തുകൊണ്ട് പ്രാരംഭകാലത്തെ അനിശ്ചിതാവസ്ഥയിലും പ്രതീക്ഷ കൈവിടാതെ പിടിച്ചു നിന്നു. ധ്രുവം, സൈന്യം, തുടങ്ങി ജോഷി സംവിധാനം ചെയ്ത മലയാള ഹിറ്റുകളില്‍ ചെറിയ റോളുകളില്‍ വിക്രം അഭിനയിച്ചിരുന്നു. ബാല സംവിധാനം ചെയ്ത സേതു(1999)വിലെ മാനസികവൈകല്യമുള്ള നായകകഥാപാത്രത്തിലൂടെയാണ് വിക്രം ശ്രദ്ധിക്കപ്പെടുന്നത്. ചിയാന്‍ വിക്രം എന്ന പേര് അദ്ദേഹത്തിനു മേല്‍ പതിക്കുന്നത് സേതുവിലെ കഥാപാത്രത്തെ കണക്കിലെടുത്തുകൊണ്ടാണ്. ദില്‍, ജെമിനി, ധൂള്‍, സാമി തുടങ്ങിയ ഹിറ്റുകളിലെ നായകനായതോടെ, മറ്റേതൊരു തമിഴ് സൂപ്പര്‍ താരങ്ങള്‍ക്കുമുള്ളതു പോലെ ജനപ്രീതിയും രസികര്‍ മണ്‍റങ്ങളും വിക്രമിനെയും പൊതിഞ്ഞു തുടങ്ങി.

2003ലിറങ്ങിയ പിതാമഗന്‍ എന്ന സിനിമയിലെ ശ്മശാനസൂക്ഷിപ്പുകാരനും മൃഗതുല്യനുമായ മുഖ്യ കഥാപാത്രത്തെ ഗംഭീരമാക്കിയതിലൂടെ വിക്രം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയും മികച്ച നടനുള്ള രജതകമലം നേടിയെടുക്കുകയും ചെയ്തു. മനുഷ്യശരീരങ്ങളുടെ ചിതകള്‍ ഒരുക്കി കത്തിക്കുന്നവനായതുകൊണ്ട് ചിതന്‍ എന്ന പേരാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേത്. ചെറുപ്പത്തില്‍ തന്നെ അനാഥനായി തീര്‍ന്ന ചിതന്‍ ജീവനുള്ള മറ്റു മനുഷ്യരുമായി ബന്ധപ്പെടാന്‍ അവസരമില്ലാത്തതിനെ തുടര്‍ന്ന് സംസാരിക്കാനറിയാത്തവനും മനുഷ്യഗുണമില്ലാത്തവനുമായ പ്രാകൃത ജീവി പോലെയാണ് പെരുമാറുന്നത്. വെര്‍ണര്‍ ഹെര്‍സോഗ് സംവിധാനം ചെയ്ത എനിഗ്മ ഓഫ് കാസ്പര്‍ ഹൌസറിലെ മുഖ്യ കഥാപാത്രത്തെ പോലെ പരിണാമത്തിന് വിധേയമാകുന്നുണ്ടെങ്കിലും, കാസ്പര്‍ ഹൌസറിന്റെ മനസ്സില്‍ അമര്‍ത്തപ്പെട്ടു കിടന്നിരുന്നതു പോലെ ജ്ഞാനത്തിന്റെ കടലും മലകളുമൊന്നും ചിതനിലില്ലായിരുന്നു. എന്നാല്‍, കൃത്രിമത്വമില്ലാത്ത സ്നേഹത്തിന്റെ ആഴങ്ങള്‍ അയാളില്‍ നിന്ന് കണ്ടെടുക്കുന്നത്, കഞ്ചാവു വില്‍പനക്കാരിയായ ഗോമതി(സംഗീത)യാണ്. ശക്തി(സൂര്യ)യും കാമുകി മഞ്ജു(ലൈല)വും അയാളെ അനുതാപത്തോടെ ശുശ്രൂഷിക്കുന്നുമുണ്ട്.

2005ലിറങ്ങിയ ഷങ്കറിന്റെ അന്യന്‍ എന്ന മനശ്ശാസ്ത്ര ത്രില്ലറിലെ ത്രസിപ്പിക്കുന്ന അഭിനയം വിക്രത്തിന്റെ വാണിജ്യഗ്രാഫ് കുത്തനെ ഉയര്‍ത്തി. അത്യന്തം അപകടകരമായ ഒരു സിനിമയായിരുന്നു അന്യന്‍. ജെന്റില്‍മാന്‍, കാതലന്‍, മുതല്‍വന്‍, ഇന്ത്യന്‍ തുടങ്ങിയ മുന്‍ ചിത്രങ്ങളിലും ഇതേ അപകടകരമായ പാത തന്നെയാണ് ഷങ്കര്‍ അനുവര്‍ത്തിച്ചിരുന്നത്. മള്‍ട്ടിപ്പിള്‍ പെഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന രോഗത്തിനടിമപ്പെട്ട രാമാനുജം അയ്യങ്കാര്‍ എന്ന അമ്പിയെയാണ് വിക്രം അവതരിപ്പിക്കുന്നത്. ഈ രോഗം തന്റെ കഴിവായി പ്രയോജനപ്പെടുത്തുകയാണ് അമ്പി. നിഷ്കളങ്കനും സാധുപ്രകൃതിക്കാരനും സത്യസന്ധനുമായ ഒരു അഭിഭാഷകനാണ് അമ്പി. നിയമം പാലിക്കാത്തവര്‍ക്കെതിരെ അയാള്‍ സമര്‍പ്പിക്കുന്ന എല്ലാ കേസുകളും കോടതിയില്‍ പരാജയപ്പെടുന്നു. ഈ പരാജയം അയാളിലെ മാനസിക രോഗിയെ അബോധത്തില്‍ ഉണര്‍ത്തുകയും ജനങ്ങളുടെ പരാതികള്‍ അയാളാരംഭിച്ച ഡബ്ള്യു ഡബ്ള്യു ഡബ്ള്യു ഡോട്ട് അന്യന്‍ ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ സ്വീകരിക്കുകയും അവയില്‍ നിന്ന് ഏറ്റവും ഗുരുതരമെന്ന് കരുതപ്പെടുന്ന പരാതിക്കാധാരമായ കുറ്റവാളികളെ നിയമം കൈയിലെടുത്തുകൊണ്ട് അതിക്രൂരമായ വിധത്തില്‍ കശാപ്പു ചെയ്യുകയുമാണ് അമ്പി എന്ന അന്യന്റെ(അപരിചിതന്‍ അഥവാ മറ്റൊരാള്‍) രീതി. ബ്രാഹ്മണന്‍ എന്ന അയാളുടെ ജാതി സ്ഥാനത്തിനു പുറമെ, പ്രാചീനമായ(!) ഗരുഡപുരാണത്തിലെ ശിക്ഷാവിധികളിലയാള്‍ക്കുള്ള പ്രാവീണ്യവുമനുസരിച്ചാണ് കൊലകള്‍ ന്യായീകരിക്കപ്പെടുന്നത്. കോടതിയും ആധുനിക നിയമ-നീതിന്യായ സംവിധാനവും ജനാധിപത്യ ഭരണവ്യവസ്ഥയുടെ ക്രമസമാധാനപാലനക്കാരും പരാജയമാണെന്നും, ബ്രാഹ്മണ വിശുദ്ധിയും ഗരുഡപുരാണത്തിന്റെ സംഹിതകളും ചേര്‍ന്ന വംശീയമായ സ്വേഛാധികാര അക്രമമാണ് പരിഹാരമെന്നും നിര്‍ദ്ദേശിക്കുന്ന അന്യന്‍ പോലുള്ള ഒരു സിനിമ, തമിഴിനു പുറമെ തെലുങ്കിലും ഹിന്ദിയിലും ഫ്രഞ്ചിലും മൊഴിമാറ്റിയും വ്യാപകമായി സ്വീകരിക്കപ്പെട്ടു എന്നത്, ഇന്ത്യന്‍ സമൂഹത്തിലും ഡയസ്പോറ(ലോകവ്യാപനം)യിലും നിലനില്‍ക്കുന്നതും സജീവത കൈക്കൊള്ളുന്നതുമായ ഫാസിസ്റ് ആശയങ്ങളോടുള്ള ജനാഭിമുഖ്യത്തിന്റെ കൃത്യമായ സൂചനയാണ്.

വഴിയരുകില്‍ മരണാസന്നനായി കിടക്കുന്ന ഒരാളെ രക്ഷിക്കാമായിരുന്നിട്ടും രക്ഷിക്കാത്തതിന്റെ പേരിലാണ്, കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തെ പോത്തുകളുടെ കൂട്ടത്തിലേക്ക് വിട്ട് വധിക്കുന്നത്. അന്ധകൂപം എന്നാണത്രെ നരകപീഡനത്തില്‍ പെട്ട ഈ കൊലപാതകരീതിയുടെ പേര്. തീവണ്ടി യാത്രക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നതിന് കരാറെടുത്ത കരാറുകാരന്‍, വൃത്തിയുള്ള ഭക്ഷണമല്ല കൊടുക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയാളെ, കോഴിയെ എണ്ണയില്‍ ചുട്ടെടുക്കുന്നതു പോലെ ഫ്രൈ ചെയ്യുന്നു. കുംഭിപാകം എന്നാണീ കൊലപാതകരീതിയുടെ 'ശാസ്ത്രീയ' നാമം. നിലവാരം കുറഞ്ഞ ഭാഗങ്ങള്‍ കൊണ്ട് യന്ത്രങ്ങളുണ്ടാക്കുന്ന മുതലാളിയെ മരത്തില്‍ കെട്ടിയിട്ട്, അയാളുടെ ദേഹത്ത് അട്ടകളെ ചൊരിഞ്ഞ് കടിപ്പിച്ചുകൊല്ലുന്ന കൃമിഭോജനം എന്ന രീതിയും പരീക്ഷിക്കപ്പെടുന്നു. ആശുപത്രിയില്‍ വെച്ച് ഹിപ്നൊട്ടൈസ് ചെയ്യപ്പെടുന്ന അമ്പിയുടെ പൂര്‍വ്വകാല രഹസ്യങ്ങള്‍ വെളിവാക്കപ്പെടുന്നതിനു പിന്നാലെ ഡി സി പി പ്രഭാകറിനാല്‍(പ്രകാശ് രാജ്) അയാള്‍ വിശദമായി ചോദ്യം ചെയ്യപ്പെടുന്നു. ഈ അവസരത്തില്‍ അമ്പിയും അന്യനുമായി മാറി മറിയുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിക്രമിന്റെ മാസ്മരികത ഞെട്ടിപ്പിക്കുന്നതാണ്. അഴിമതിയും ധാര്‍ഷ്ട്യവുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും കടുത്ത പാതകങ്ങള്‍ എന്ന നിലക്കാണ് നന്മയും ധര്‍മവും പുനസ്ഥാപിക്കാനായി അന്യന്‍ അവതരിക്കുന്നത്.


അടിയന്തിരാവസ്ഥ, വര്‍ഗീയ കലാപങ്ങള്‍, ശ്രീലങ്കയില്‍ തമിഴര്‍ അടിച്ചമര്‍ത്തപ്പെടുന്നത്, ബാബരി മസ്ജിദ് തകര്‍ത്തത്, ഗുജറാത്ത് വംശഹത്യ, പുത്തന്‍ സാമ്പത്തിക നയം എന്നിവയൊക്കെ നടന്ന പതിറ്റാണ്ടുകളില്‍; സാമ്പാറില്‍ പല്ലി വീണതു പോലുള്ള കുറ്റങ്ങള്‍ക്ക് കൊലപാതകം വിധിക്കുന്ന നായക/സംവിധായകന്റെ മുന്‍ഗണനകള്‍ അത്യന്തം വംശീയവും സ്വേഛാധികാരപരവുമാണ്. അണ്ണാ ഹസാരെയും ബാബാ രാംദേവും രാഷ്ട്രീയേതരരായി അഴിമതിക്കെതിരെ എന്ന വിധേന അവതരിക്കുന്നത് ഇത്തരം സിനിമകളിലൂടെയടക്കം രൂപീകരിക്കപ്പെടുന്ന ജനപ്രിയതയുടെ പരിസരത്തിലാണെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഹൈന്ദവ പൌരാണികതയെയും ബ്രാഹ്മണീയതയെയും മഹത്വവത്ക്കരിക്കാനുള്ള ശ്രമങ്ങളാകട്ടെ അങ്ങേയറ്റം അപലപനീയവുമാണ്. ഇന്ത്യന്‍ എന്ന ഇതേ രീതിയിലുള്ള സിനിമയില്‍ നായക കഥാപാത്രത്തെ അവതരിപ്പിച്ച കമല്‍ ഹാസന്‍, വളരെ അപകടകരമായ ഫാസിസ്റ്റ് സിനിമയാണത് എന്ന് പില്‍ക്കാലത്ത് തുറന്നു സമ്മതിക്കുകയുണ്ടായി. അത്തരമൊരു രാഷ്ട്രീയ ജാഗ്രത പാലിക്കാത്തതിനാല്‍ വിക്രമിന്റെ സ്ഥാനം കമലിന് ഒരു പടി താഴെയാണെന്ന് കരുതാവുന്നതാണ്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ തമിഴ് സിനിമയില്‍ ഇപ്പോള്‍ അഭിനയം ആവശ്യമില്ല. അതിനു മാത്രം അഭിനയം നടികര്‍ തിലകം മുതല്‍ വിക്രം വരെയുള്ളവര്‍ നടത്തിക്കഴിഞ്ഞു എന്നും പറയാം. ക്വാട്ട തീര്‍ന്നിരിക്കുന്നു. പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, കാതല്‍, വെയില്‍, നാടോടികള്‍, അങ്ങാടിത്തെരു, മൈന തുടങ്ങിയ നവ യഥാതഥ സിനിമകളാണ് അടുത്ത കാലത്തായി തമിഴില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതില്‍ അഭിനയിച്ചവര്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ്. അപ്പോള്‍, അഭിനയമികവ് പുറത്തെടുക്കുന്ന വിക്രമിനെപ്പോലുള്ളവര്‍ എന്തു ചെയ്യും? കമല്‍ ഹാസന്‍ വരെ എന്തു ചെയ്യും എന്നു ചോദിക്കേണ്ട അവസ്ഥ പോലുമുണ്ട്, സത്യത്തില്‍.

3 comments:

Anonymous said...

മമ്മൂക്ക നടിച്ചാല്‍ കയ്യടിക്കും ബച്ചനെടെ ആക്ടിംഗ് മന്നനല്ലേ ലാല്‍ നമ്മടെ ലാലേട്ടന്‍
സൂപ്പറുകള്‍ ഇവിടെ തന്നെ കാണും കുറെ നാള്‍ കൂടി മോനെ രാമചന്ദ്ര

paarppidam said...

തമിഴ് സിനിമയില്‍ പുതിയ പരീക്ഷണങ്ങളും മറ്റും ധാരാളമായി വരുന്നു എന്നതും അത് പ്രേക്ഷകരാല്‍ സ്വീകരിക്കപ്പെടുകയും ചെയ്യുമ്പോള്‍
മലയാളത്തിലാകട്ടെ “സാറ്റ്‌ലൈറ്റ്“ ചിത്രങ്ങള്‍ക്കാണിപ്പോള്‍ മുന്‍‌തൂക്കം. പ്രേക്ഷകന്‍ എങ്ങിനെ സഹിച്ചിരിക്കും എന്ന് ഒരു നിമിഷം ചിന്തിച്ചാല്‍ ഇന്ന് മലയാളത്തിലെ പല സൂപ്പര്‍താര ബോറു ചിത്രങ്ങളും നിര്‍മ്മിക്കപ്പെടുമായിരുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്തൊരു ബോറ് ചിത്രങ്ങളാണ് ഇവന്മാര്‍ പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്?

തട്ടുകട ദോശക്ക് ആളുകൂടുന്നതു പോലെ ചുമ്മാതല്ല സാള്‍ട്ട് ആന്റ് പെപ്പര്‍ വന്‍ വിജയമായത്. ചുരുങ്ങിയ പക്ഷം “രാജപ്പന്‍ & ഫാമിലി“ പോലുള്ള ബോറുകള്‍ക്കെതിരെ ഉള്ള ഒരു പ്രതിഷേധമെന്ന നിലക്കെങ്കിലും സ്‍ാള്‍ട്ട് ആന്റ് പെപ്പര്‍ പോലുള്ള ചെറിയ ചിത്രങ്ങള്‍ വിജയിക്കുക തന്നെ വേണം.

Anonymous said...

സാള്‍ട്ട് ആന്‍ഡ് പെപ്പെര്‍ എന്തോന്ന് വലിയ സംഭവം ഫ്ലൂക് ഹിറ്റ്‌ ചാപ്പ കുരിശ്‌ അല്ലെ അതിനേക്കാള്‍ ബെറ്റര്‍ , സൂപ്പറുകള്‍ ഉപജാപക സംഘത്തിന്റെ പിടിയില്‍ ആണ് പിന്നെ കുറെ തോട്ടി ഫാന്‍സും എന്നാലും ഇടക്കിടെ അവര്‍ മുന്‍ കൈ എടുത്തു നല്ല പടം ഇറക്കുന്നുണ്ടല്ലോ ഉദ്: പ്രാഞ്ചി ഏട്ടന്‍ , കുട്ടി സ്രാങ്ക് , പ്രണയം ആദാമിന്റെ മകന്‍ അബു തിയെടരില്‍ കാണാന്‍ ആളില്ലല്ലോ പിന്നെ എങ്ങിനെ ഇവിടെ തമിഴിലെ അത്ഭുതം സംഭവിക്കും ? അവിടെ റേറ്റ് കുറവാണു മല്ടിപ്ലെക്സില്‍ പോലും ഒരു shO ചുരുങ്ങിയ റേറ്റില്‍ വേണം ഇവിടെ അമ്പത് രൂപ ആയി അമ്പത് എന്ന് പറയുമ്പോള്‍ ഇന്ന് സാദ മലയാളി ഒരു പെഗ് അടിക്കുന്നതല്ലേ കൂടുതല്‍ ബുദ്ധി എന്ന് ചിന്തിക്കുന്ന ഇടത്താണ് സിനിമ മരിക്കുന്നത്