Thursday, February 26, 2009

എന്തുകൊണ്ട് കുരങ്ങൻ ?

ഒരാള്‍ മറ്റൊരാളെ കുരങ്ങന്‍ എന്നു വിളിച്ചാല്‍ അത് അധിക്ഷേപപദമാണോ അതോ അംഗീകാരമാണോ എന്നുള്ള കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണ്. ഭാഷയില്‍ സാംസ്ക്കാരിക പ്രവര്‍ത്തനം നടത്തുന്നവര്‍ എന്ന നിലക്ക് രണ്ടു വാദമുഖങ്ങളിലേക്കും സഞ്ചരിക്കാന്‍ നാം ബാധ്യസ്ഥരാണ്. കുരങ്ങന്മാര്‍ മനുഷ്യരുടെ പിതാമഹന്മാരാകയാല്‍ പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇതൊരധിക്ഷേപമല്ലെന്നും അംഗീകാരമാണെന്നും സരസഭാഷിയായ മന്ത്രി ജി സുധാകരന്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. വാസ്തവം തന്നെ. മാത്രമല്ല, പരിസ്ഥിതി വാദികളെ സംബന്ധിച്ചിടത്തോളവും കുരങ്ങന്‍ എന്നത് അധിക്ഷേപമല്ല. കേരളത്തിലെ പരിസ്ഥിതി സമരത്തിന് തുടക്കം കുറിച്ച സൈലന്റ് വാലി സംരക്ഷണ സമരത്തെ പരിഹസിച്ചിരുന്നത് സിംഹവാലന്‍ കുരങ്ങനെ രക്ഷിക്കാന്‍ വേണ്ടിയുള്ള സമരം എന്നായിരുന്നുവല്ലോ. വംശനാശം, വന്യജീവി, പരിസ്ഥിതി സന്തുലനം, മഴക്കാടുകള്‍, ജൈവ വ്യവസ്ഥ, ജലം, തുടങ്ങിയ പദങ്ങളും അവയിലൂടെ സൂചിപ്പിക്കപ്പെടുന്ന പ്രതിഭാസങ്ങളും പ്രധാനമായവര്‍ക്ക് സിംഹവാലന്‍ കുരങ്ങന്‍ എന്നത് തങ്ങളുടെ തന്നെ ശരീരം പോലെ പ്രധാനപ്പെട്ട ഒരു പ്രതിനിധാനമായിരുന്നു. ഇപ്പോഴും ആണ്. നിങ്ങള്‍ കുരങ്ങനെ രക്ഷിക്കാനല്ലേ പുറപ്പെട്ടത്, എന്നോ നിങ്ങളൊരു കുരങ്ങനാണ് എന്നോ ആക്ഷേപിച്ചാല്‍ അത്തരക്കാര്‍ക്ക് അതൊരു അധിക്ഷേപമായല്ല അനുഭവപ്പെടുക. കാരണം, നിങ്ങള്‍ ഭൂമിയെയും ജൈവവ്യവസ്ഥയെയും പ്രപഞ്ചത്തെയും സംരക്ഷിക്കുന്നയാളാണ് എന്നാണ് അയാള്‍ ആ കുരങ്ങന്‍ വിളിയെ ഉള്‍ക്കൊള്ളുക.

1977ല്‍ പ്രസിദ്ധീകരിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥ വായിച്ചവരും അതിനെ ആന്തരീകരിച്ചിട്ടുള്ളവരുമായ മലയാളികളും ഇക്കൂട്ടത്തിലുള്‍പ്പെടും. ആനകള്‍, കടുവാ, സിംഹം, കരടി, കാട്ടുപോത്ത്, നീര്‍ക്കുതിര, പുലി, ചീങ്കണ്ണി, മുതല, ഒട്ടകം, കുതിര, മനുഷ്യക്കുരങ്ങ്, ചെന്നായ്, തേള്, മലമ്പാമ്പ്, കൊതുക്, മൂട്ട, വാവല്‍, കഴുകന്‍, മയില്‍, മാന്‍, മൈന, പഞ്ചവര്‍ണ്ണക്കിളി എന്നിങ്ങനെ ഭൂമിയുടെ അവകാശികളായി ഒട്ടേറെ എണ്ണത്തിനെ സൃഷ്ടിച്ചിട്ടുണ്ട്. എന്തിന്? തിമിംഗലം, സ്രാവ്, മത്സ്യങ്ങള്‍, നീരാളി, കടല്‍പാമ്പുകള്‍ എന്നിവരെ എന്തിന്, എന്തിനു സൃഷ്ടിച്ചു. ഒന്നും അറിഞ്ഞുകൂടാ. ദൈവഹിതം. ഏതായാലും ഒന്നിനെയും കൊല്ലാതെ ജീവിക്കാന്‍ ശ്രമിക്കണം. ഹിംസ അരുത്!(ബഷീര്‍ സമ്പൂര്‍ണകൃതികള്‍ പേജ് 1751).

എന്നാല്‍ എഴുപതുകളിലല്ലല്ലോ കേരളവും മലയാളവും ആരംഭിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ അവസ്ഥ പി ഭാസ്കരനുണ്ണി വളരെ വിശദമായിത്തന്നെ അന്വേഷിച്ചു രേഖപ്പെടുത്തുന്നുണ്ട്. 'അമ്പലവാസികളിലും നായന്മാരിലുമുള്ള എത്രയെങ്കിലും സുന്ദരികളായ യുവതികളെ ബ്രാഹ്മണന്‍ സഹശയനത്തിനു വിനിയോഗിക്കുന്നത്, രണ്ടും മൂന്നും പത്നിമാര്‍ക്കു പുറമേയാണ്. രത്യര്‍ത്ഥമെന്നു ഭേഷായിട്ടൊരു ചിരി ചിരിച്ചു പറയാവുന്ന വെറുമൊരു കൂട്ടുകിടപ്പിന്റെ വട്ടം മാത്രമാണത്. ആ ഭാര്യക്കോ, അതില്‍ നമ്പൂതിരിക്കുണ്ടാവുന്ന മക്കള്‍ക്കോ ആ ആളിന്റെ ജംഗമ, സ്ഥാവര സ്വത്തുക്കളിലൊന്നിനും അവകാശമില്ലെന്നതോ പോകട്ടെ, സ്വന്തം പിതാവായ ആ മനുഷ്യനെ അച്ഛനെന്നു വിളിക്കാനുള്ള അര്‍ഹത പോലും ആ കുട്ടികള്‍ക്കു ലഭിക്കുന്നില്ല. എന്തിനധികം, തന്റെ പുത്രന്മാരെ തൊട്ടാല്‍ പിതാവിനു കുളിയുമുണ്ട്. സ്പര്‍ശനസുഖങ്ങളില്‍ ഏറ്റവും ഹൃദ്യമായത് പുത്രസ്പര്‍ശനമാണെന്നു പറയുന്നു. ഇവിടെ, ആ അനുഭവ സൌഖ്യം മക്കള്‍ക്കുമില്ല, അച്ഛനുമില്ല'. (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം- പേജ് 477-478).

വി കെ എന്‍ പറയുന്നതു പോലെ, ഇത് ഉണ്ണി, അത് കുരങ്ങന്‍ എന്ന് അന്തര്‍ജനത്തിലുണ്ടായതും അടിച്ചുതളിയിലുണ്ടായതുമായ കുട്ടികളെ വ്യവഛേദിക്കുന്ന സമ്പ്രദായമായിരുന്നു വ്യാപകം, വ്യവസ്ഥാപിതം. സ്വന്തം രക്തത്തിലുണ്ടായ കുട്ടിയെ കുരങ്ങന്‍ എന്ന് വിളിച്ചാക്ഷേപിക്കുന്ന നമ്പൂതിരിയുടെ വരേണ്യമായ ജാതിബോധമാകട്ടെ കേരളത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല താനും.

വംശീയമായ അധിക്ഷേപപദ (ethnic slur/ethnophaulism) മായി ലോകമെമ്പാടും കണക്കാക്കപ്പെടുന്ന പദമാണ് മങ്കി അഥവാ കുരങ്ങന്‍ എന്ന വിളി. വംശം, പ്രാദേശികത, ജാതി, കുലം, ദേശീയത, ഭാഷ, വര്‍ണം എന്നിവയുടെ പേരില്‍ ഒരാള്‍ മറ്റൊരാളെ അധിക്ഷേപിക്കുക എന്നത് ഏറ്റവും ഹീനമായ കാര്യമായാണ് പരിഗണിക്കപ്പെടുന്നത്. വിവിധ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതും ആഗോളവ്യാപകമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഭരണഘടനകളും നിയമങ്ങളും ഇത്തരം അധിക്ഷേപപദങ്ങളെ പട്ടികപ്പെടുത്തിയിട്ടുണ്ട്. അവയില്‍ കുരങ്ങന്‍ എന്ന വിളി വംശീയ അധിക്ഷേപപദമായി വ്യക്തമായിത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ളണ്ടില്‍ കറുത്ത വംശജരെ കുരങ്ങന്‍ എന്ന് വിളിച്ച് അധിക്ഷേപിക്കാറുണ്ട്. തെക്കു കിഴക്കനേഷ്യയില്‍ പ്രാദേശിക ജനതയെ ആണ് ഈ പേരു വിളിച്ച് ആക്ഷേപിക്കാറുള്ളത്. ഇത് തെളിയിക്കുന്നത്, നാടുവാഴിത്തത്തിന്റെയും കൊളോണിയലിസത്തിന്റെയും വര്‍ണവിവേചനത്തിന്റെയും അധികാരപ്രയോഗങ്ങളില്‍ രമിക്കുന്നവരാണ് കുരങ്ങന്‍ എന്ന് തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ വിളിക്കുമ്പോള്‍ സ്വയം ആനന്ദിക്കുന്നവരെന്നാണ്.

2006 ജൂണ്‍ 26ന് ടൈംസ് പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത വായിക്കുക (ടൈംസ് ഓണ്‍ ലൈന്‍). ബ്രിസ്‌റ്റോളിലെ ഹോര്‍ഫീല്‍ഡിലുള്ള ആഷ്ലേ ഡൌണ്‍ ഇന്‍ഫന്റ് സ്കൂളില്‍ നടന്ന സംഭവം ആണ് വാര്‍ത്തയിലുള്ളത്. രണ്ടാം ക്ളാസിലുള്ള അറുപതു കുട്ടികളില്‍ രണ്ടു പേര്‍ മാത്രമേ കറുത്ത വംശജരായുള്ളൂ. ടേം അവസാനിക്കുമ്പോള്‍ കുട്ടികള്‍ കളിച്ചിരുന്ന കളി മൃഗവേട്ടയുടേതായിരുന്നു. കറുത്ത കുരങ്ങന്മാരെ വേട്ടയാടുന്ന വെളുത്ത വേട്ടക്കാര്‍ എന്നതായിരുന്നു കളിയുടെ നിയമം. കടുത്ത വര്‍ണവിവേചനം ആണ് സ്കൂള്‍ വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ സ്വാംശീകരിക്കപ്പെടുന്നത് എന്ന കുറ്റാരോപണമാണ് സ്കൂള്‍ അധികൃതര്‍ക്കുമേല്‍ ഉന്നയിക്കപ്പെട്ടത്. ബ്രിട്ടനില്‍ ആഫ്രോ കരീബിയന്‍ വംശജര്‍ക്ക് വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ താഴ്ന്ന നിലവാരം മാത്രമേ പുലര്‍ത്താന്‍ സാധിക്കുന്നുള്ളൂ എന്നാണ് ഔദ്യോഗിക കണക്കുകള്‍ തന്നെ കാണിക്കുന്നത്. ഇപ്രകാരമുള്ള അധിക്ഷേപങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയില്‍ എങ്ങനെയാണ് ആത്മവിശ്വാസത്തോടു കൂടി ഒരു കുട്ടി പഠിച്ചുയരുക?

എന്നാല്‍ ലോകത്തെ അടുത്തകാലത്ത് പിടിച്ചു കുലുക്കിയ കുരങ്ങന്‍ വിളി ഇതൊന്നുമല്ല. ആസ്ത്രേലിയന്‍ ഓള്‍ റൌണ്ടറായ ആന്‍ഡ്രൂ സിമോണ്ട്സിനെതിരായി 2007 ലും 2008ലുമുണ്ടായ മങ്കി വിളി ഇന്ത്യയുടെ പേര് തന്നെ കളങ്കപ്പെടുത്തുകയുണ്ടായി. 2007ല്‍ ഇന്ത്യയും ആസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന മത്സര പരമ്പരയില്‍ മുംബൈ, നാഗ്‌പുര്‍, വഡോദര തുടങ്ങിയ പശ്ചിമേന്ത്യാ നഗരങ്ങളിലെ സ്‌റ്റേഡിയങ്ങളില്‍ നടന്ന കളികളിലൊക്കെയും ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരായ കാണികള്‍ ആന്‍ഡ്രൂ സിമോണ്ട്സ് ഇളകിയാല്‍ അപ്പോള്‍ മങ്കി മങ്കി എന്ന് കൂട്ടത്തോടെ ബഹളം വെക്കുകയായിരുന്നു ചെയ്‌തിരുന്നത്. ആഫ്രോ-കരീബിയന്‍ വംശജനായ ആന്‍ഡ്രൂ സിമോണ്ട്സ് എന്ന കറുത്ത വംശജനെതിരായ അതിരൂക്ഷമായ അധിക്ഷേപം തന്നെയായിരുന്നു ഇത്. ബിസിസിഐ ഇത് ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സത്യമാണെന്നു സമ്മതിക്കേണ്ടിവന്നു. ആളുകള്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ വേണ്ടി ഗണപതി ബാപ്പ ബോറിയ എന്ന് കൂട്ടത്തോടെ നാമം ജപിക്കുകയായിരുന്നു എന്നാണ് വഡോദരാ പൊലീസ് കമ്മീഷണര്‍ (അദ്ദേഹം മോഡി സര്‍ക്കാരിന്‍ കീഴിലാണെന്നും മറക്കാതിരിക്കാം) പി സി താക്കൂര്‍ പി ടി ഐയോട് പറഞ്ഞത്. എന്നാല്‍ 2007 ഒക്ടോബര്‍ 17 ന് മുംബൈ വാങ്കടേ സ്‌റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നെടുത്ത ഈ ഫോട്ടോ ഇത്തരം എല്ലാ അവകാശവാദങ്ങളെയും നിരാകരിച്ച ഒന്നാണ്. കാണികളെല്ലാം അവരുടെ മുഖം കുരങ്ങന്റേതുപോലെ വീര്‍പ്പിച്ചുവെച്ചിരിക്കുകയാണ്.


OCTOBER 17: Spectators make 'monkey' impressions as Andrew Symonds of Australia comes in to bat during the seventh one day international cricket match between India and Australia at Wankhede Stadium on October 17, 2007 in Mumbai, India.

2008ല്‍ പ്രശ്നം വീണ്ടും രൂക്ഷമായി. എസ് സി ജി ടെസ്‌റ്റിന്റെ മൂന്നാം ദിവസം ഇന്ത്യന്‍ സ്പിന്‍ ബൌളറായ ഹര്‍ഭജന്‍ സിംഗ് ആന്‍ഡ്രൂ സിമോണ്ട്സിനെ മങ്കി എന്നു വിളിച്ചതായി സംശയാതീതമായി തെളിയിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഹര്‍ഭജന്‍ സിംഗിനിനു മേല്‍, മൂന്നു മാച്ചുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തപ്പെട്ടു. മാച്ച് റഫറിയായിരുന്ന മൈക്ക് പ്രോക്റ്ററാണ് കളിയുടെ വീഡിയോ വിശദമായി പരിശോധിച്ച് നിലപാടെടുത്തത്.

കേരളീയ സാംസ്കാരിക സ്ഥലിയില്‍ നിരന്തരം ഇടപെട്ടുകൊണ്ട് പോതുബോധത്തെ നിയന്ത്രിക്കുന്ന അധീശ പ്രത്യയശാസ്‌ത്രത്തിനെതിരായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി സമരോത്സുകമായി ജീവിക്കുന്ന കെ.ഇ.എനെയാണ് കുരങ്ങനായി വി.എസ്.സംബോധന ചെയ്തതെന്നത് കൂടുതല്‍ ഗൌരവമായ അന്വേഷണം ആവശ്യപ്പെടുന്നു. കോടതി, നിയമം, ഭരണഘടന മുതലായ ബൂര്‍ഷ്വാജനാധിപത്യ വ്യവസ്ഥയുടെ സംവിധാനത്തിനകത്ത് ഇങ്ങിനെ വിളിക്കപ്പെട്ടവന് എന്ത് നഷ്‌ടപരിഹാരം ലഭിക്കുമെന്നതിനേക്കാള്‍ സാംസ്‌ക്കാരികമായ അപചയവുമായി ഇതിന് വല്ല ബന്ധവുമുണ്ടോ എന്നതാണ് സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ഉല്‍ക്കണ്ഠപ്പെടുത്തുന്നത്.

തൊണ്ണൂറുകള്‍ക്ക് ശേഷം കെ.ഇ.എന്‍. നടത്തിവരുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും “ഭാരതീയ” അധീശ പ്രത്യയശാസ്‌ത്രത്തോടും “അമേരിക്കന്‍” അധിനിവേശ തന്ത്രങ്ങളോടുമുള്ള കലഹമാണെന്നതില്‍ സംശയമില്ല. സവര്‍ണ പ്രത്യയശാസ്‌ത്രത്തിന്റെയും അധിനിവേശ യുക്തിയുടെയും ഇരകളായി മാറിയ പാവം മനുഷ്യര്‍ പോലും കെ.ഇ.എന്റെ നിലപാടുകളിലെ തീവ്രത ഉള്‍ക്കൊള്ളാനാവാതെ വിഷമിക്കുന്ന സന്ദര്‍ഭത്തിലാണ് ഇത്തരമൊരു സംബോധന കടന്നുവരുന്നത് എന്നത് ചരിത്രത്തിലെ യാദൃഛികതയായിരിക്കാം. എങ്കിലും പൊതുബോധത്തിലന്തര്‍ഭവിച്ച അധീശധാരണകള്‍ മനസ്സിന്റെ അജ്ഞാത മേഖലകളില്‍ നിലനില്‍ക്കുന്നത് (Unknown continent എന്ന് ഫ്രോയിഡ്) പലരെയും ചതിക്കുഴികളില്‍ വീഴ്ത്താറുണ്ട്. ജനാധിപത്യവ്യവസ്ഥക്കകത്തും പുറത്തും സംവാദങ്ങളും സമരങ്ങളും ആശയമണ്ഡലത്തിലും നടക്കാറുണ്ട്. മന്ത്രി ജി.സുധാകരന്‍ തന്ത്രിമാരെയും ഐ.എ.എസുകാരെയും അധിഷേപിച്ചും പരിഹസിച്ചും സംസാരിച്ചത് ഭരണകൂടപ്രത്യയ ശാസ്‌ത്രത്തോടും പ്രത്യയശാസ്‌ത്രകാരന്‍മാരോടും നവോത്ഥാനകാലം മുതലെങ്കിലും ആരംഭിച്ച ആശയസമരത്തിന്റെ ഭാഗമാണ്. മതത്തിന്റെ എല്ലാ ആനുകൂല്യങ്ങളും പറ്റുകയും എന്നാല്‍ വലിയ മതവിമര്‍ശകനാണെന്ന് നടിക്കുകയും ചെയ്യുന്ന കാരശ്ശേരിമാര്‍ ചരിത്രബോധ മില്ലാത്തതുകൊണ്ടാണ് സുധാകരന്റെ പ്രയോഗത്തെ മുന്‍നിര്‍ത്തി കുരങ്ങന്‍ വിളിയെ ന്യായീകരിക്കുന്നത്. ഒറീസ്സയിലും, ഗുജറാത്തിലും നടക്കുന്ന വംശഹത്യമാത്രമല്ല ബാബറിപ്പള്ളി പൊളിച്ചത് പോലും മറന്നുകളയാന്‍ ആഹ്വാനം ചെയ്യുന്ന പ്രഛന്ന വിപ്ളവകാരികളും കപടമതേതരവാദികളും പങ്കിടുന്ന പൊതുബോധത്തിന്റെ അചരിത്രപരത യില്‍ നമുക്ക് സഹതപിക്കാനേ നിര്‍വാഹമുള്ളൂ. എന്നാല്‍ വി.എസ്സിനെപ്പോലെ സമരോത്സുകമായി ജീവിച്ച കമ്മ്യൂണിസ്‌റ്റ് നേതാക്കള്‍ പൊതുബോധത്തിന്റെയും അധീശപ്രത്യയ ശാസ്ത്രത്തിന്റെയും അന്ധമേഖലകളാല്‍ (Blind Spots) നിയന്ത്രിക്കപ്പെടുന്നത് തീര്‍ച്ചയായും ഭയപ്പെടേണ്ടതാണ്.

കെ.ഇ.എന്‍ നടത്തിവരുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും സമരോത്സുകമായ ഊര്‍ജ്ജസ്വലതയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ ഷേൿസ്‌പിയറുടെ “കാലിബാന്‍” എന്ന കഥാപാത്രത്തെപ്പോലെ അധീശപ്രത്യയശാസ്ത്രം ആന്തരവല്‍ക്കരിച്ചവര്‍ക്ക് കെ.ഇ.എന്‍ ഒരു കീഴാള മനുഷ്യേതര പ്രതീകമായി മനസ്സിന്റെ ഉള്ളറകളില്‍ സ്ഥാനം പിടിക്കാന്‍ സാധ്യതയുണ്ട്. ഒരര്‍ത്ഥത്തില്‍ ഇത്തരം ഒരു സംബോധന സ്വത്വപരമായ പ്രതിനിധാനവുമായി ബന്ധപ്പെട്ടിരിക്കാനാണ് സാധ്യത. ആശയരംഗത്ത് സംവാദങ്ങളും സമരങ്ങളും നടക്കാതെ ഒരു സമൂഹവും മുന്നോട്ടുപോകാറില്ല. എന്നാല്‍ സമരങ്ങളും സംവാദങ്ങളും ഉപേക്ഷിച്ച് വെറും പരിഹാസത്തിന്റെ മണ്ഡലങ്ങളിലേക്ക് നാം ചുരുങ്ങുന്നത് ആശയപരമായ അവ്യക്തതക്ക് അടിമപ്പെടുമ്പോഴാണ്. കാലിബാനെ ആമ, മത്സ്യം, പൂച്ച, രാക്ഷസന്‍ മുതലായ ജന്തുക്കളുടെ പേരുപയോഗിച്ചും ഷേൿസ്‌പിയര്‍ സൂചിപ്പിക്കുന്നുണ്ട്. ആള്‍കൂട്ടത്തെയും ആള്‍കൂട്ടമനശാസ്‌ത്രത്തെയും സംബന്ധിച്ച് വില്യം റീഹ് മുതലായവര്‍ നടത്തിയ പഠനങ്ങള്‍പോലും ഇപ്പോള്‍ അപര്യാപ്‌തമായി മാറുകയാണ്. ആഗോള വല്‍ക്കരണത്തിന്റെ-ദൃശ്യമാധ്യമ സംസ്കാരത്തില്‍ നാം എങ്ങിനെ സ്വയം വിമോചിക്കണമെന്ന ചോദ്യം ഓരോരുത്തരും അവനവനോട് (അവളവളോട്) തന്നെ ചോദിച്ചുകൊണ്ട് മാത്രമേ ഈ ദൌത്യം നിര്‍വഹിക്കാന്‍ കഴിയൂ.

****

ജി.പി.രാമചന്ദ്രന്‍, ഡോ.പി.കെ.പോക്കര്‍

കടപ്പാട് : വാരാദ്യ മാധ്യമം, ചിത്രങ്ങൾക്ക് ഔട്ട്‌ലുക്ക് ഇന്ത്യ ഡോട്ട് കോം

5 comments:

വി. കെ ആദര്‍ശ് said...

പ്രീയ രാമചന്ദ്രന്‍ സര്‍
ഇതു മാ‍ധ്യമത്തില്‍ വാ‍യിച്ചിരുന്നു. ഇപ്പോള്‍ ഇവിടെയും. നന്നായി.
അഭിനന്ദനങ്ങള്‍

un said...

ലേഖനത്തിനു നന്ദി.
ഒരു കാര്‍ട്ടൂണില്‍ ഒബാമയെ ചിമ്പാന്‍സി ആയി ചിത്രീകരിച്ചു എന്ന ഒരു വിവാദം ഈ സീരീസിലെ ഏറ്റവും പുതിയ ചാപ്റ്ററാണ്
http://www.rediff.com/news/2009/feb/19monkey-cartoon-mocking-obama-sparks-racial-row.htm

dethan said...

കേരളത്തിലെ മുഖ്യമന്ത്രിയും സിപിഐ(എം) ന്റെ പോളിറ്റ് ബ്യൂറോ അംഗവുമായ സ. വി എസ്.അച്യുതാനന്ദനോട് ശ്രീമാന്‍ കുഞ്ഞഹമ്മദ്, "വല്യ ആളാകേണ്ടാ' എന്ന്‍ ആക്രോശിച്ചതും അദ്ദേഹത്തെ "മന്ദ ബുദ്ധി"എന്നു വിളിച്ചതും ഏതു "പ്രത്യയ ശാസ്ത്ര അധിനിവേശത്തെ ചെറുക്കാനായിരുന്നു?അന്ന് അയാളുടെ സംസ്കാരശൂന്യവും അധിക്ഷേപാര്‍ ഹവുമായ പ്രയോഗത്തെക്കുറിച്ച് വംശീയാധിക്ഷേപത്തിന്റെയും പരിണാമ വാദത്തിന്റെയും ചരിത്ര കഥകളുദ്ധരിച്ച് അപലപിക്കുവാന്‍ താങ്കളെ കണ്ടില്ലല്ലോ.

മുരടനും കര്‍ക്കശക്കാരനും സഹൃദയത്വം തൊട്ടു തെറിച്ചിട്ടില്ലാത്തവനും ആയ രാഷ്ട്രീയക്കാരനായി
മാധ്യമ ലോകവും കുഞ്ഞു മുഹമ്മദും മറ്റും ചിത്രീകരിച്ചു വന്ന സ.വി എസ്സ്,സഹൃദയന്‍ മാത്രമല്ല ഭാവനാശാലി കൂടിയാണെന്നു,"കുഞ്ഞു മുഹമ്മദിനെ പ്പോലുള്ള കുരങ്ങന്മാര്‍"എന്ന ഒറ്റ പ്രയോഗത്തിലൂടെ വെളിപ്പെട്ടിരിക്കുകയാണ്.രൂപത്തിലും സ്വഭാവത്തിലും വാനരസാമ്യം പ്രകടിപ്പിക്കുന്ന ഈ 'ബുദ്ധിജീവി'യെ "കുരങ്ങന്‍"എന്ന രൂപക പ്രയോഗത്തിലൂടെ വിശേഷിപ്പിച്ച ആള്‍ കവിയല്ലെന്ന് ആരാണു പറയുക?

തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ നികൃഷ്ട ജീവി എന്നും പുല്ലേ എന്നും വിളിക്കുന്ന നേതാക്കന്മാര്‍ക്കു സ്തുതി ഗീതം പാടുകയും ഇതിഹാസ പുരുഷന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്ന 'കുരങ്ങന്‍ കുഞ്ഞു മുഹമ്മദു' മാരുടെ കമ്യൂണിസ്റ്റുനാട്യങ്ങള്‍'അമേരിക്കന്‍ അധിനിവേശങ്ങളോടുള്ള കലഹമാണെന്ന്'
വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.പക്ഷേ അതെല്ലാം എല്ലാവരും വിശ്വസിക്കണമെന്നു ശഠിക്കരുത്.എഡി ബിയ്ക്കെതിരെയുള്ള കലഹത്തിന്റെ പരിണിതി ജനം കണ്ടതാണ്.എക്സ്പ്രസ് ഹൈവേയുടെ "സൗഹൃദ ഇടനാഴി' വേഷം ഇനി കാണാനിരിക്കുന്നതേഉള്ളു.
-ദത്തന്‍

paarppidam said...

വി.എസ്സ്‌ കുഞ്ഞമ്മദിന്റെ നിരന്തര പരിഹാസത്തിനൂ വിദേയനാകുന്നത്‌ ആസ്വദിക്കുന്ന കൂട്ടത്തിലാണോ ജി.പിയും? വി.എസ്സിന്റെ വാക്കുകളെ താങ്കൾ വംശീയമായും മറ്റും വ്യാക്യാനിക്കുന്നതിനോട്‌ കടുത്ത എതിർപ്പ്‌ ഇവിടെ രേഖപ്പെടുത്തുന്നു. പിണറായിയോ അല്ലെങ്കിൽ സുധാകരനോ ആണ്‌ ഇത്‌ മറ്റാരെയ്ങ്കിലും പറഞ്ഞിരുന്നെങ്കിൽ അതു വാമൊഴിവഴക്കത്തിന്റെ നാടൻ സൗന്ദര്യം ആയേനേ..ഇല്ലേ?

പിന്നെ കുഞ്ഞമ്മദ്‌ സാഹിബിന്റെ അമേരിക്കൻ വിരുദ്ധനിലപാട്‌...ഹാ..ഹാ.ഹ..
അമേരിക്കക്കും, ഇന്ത്യൻ പരിവാറിനുമ്പകരം ഇരകളുടെ "പ്രതിരോധം" എന്നപേരിൽ നടക്കുന്ന പലതുംകണ്ടില്ലെന്ന് നടിക്കരുത്‌. ഇത്തരം പ്രതിരോധങ്ങൾ മറ്റൊരു തീവ്രവാദം ആണെന്ന് വിളിച്ചുപറയുവാൻ തയ്യാറാകാതെ അതിനെ വാചകകസർത്തുകൊണ്ടും, ലേഖനങ്ങളിലൂടെയും വെള്ളപൂശുന്നവരെ സൂക്ഷിക്കുക. എന്തേ കേരളത്തിൽ നിന്നും തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ പലരും പിടിയിലായതിനെ സാംസ്കാരിക/രാഷ്ടീയ തൊഴിലാളികൾ കാര്യമായി പരാമർശിക്കാതെ തൊണ്ടതൊടാതെ വിഴുങ്ങിയത്‌?

(ഇരകളുടേ പ്രതിരോധം എന്നത്‌ ഇടതു സംഘടനകളുമ അടിവാസി സമൂഹവും നടത്തുന്ന പ്രതിഷേധ സമരം അല്ലെന്ന് പറഞ്ഞുകൊള്ളട്ടെ)


തങ്ങൾ ചെയ്യുന്നതും പറയുന്നതും ശരിയെന്നും അതു തങ്ങളുടെ അവകാശം/പ്രതിരോധം ആണെന്നും,അവകാശാങ്ങളുടെ കാര്യത്തിൽ ഭരണഘടനയെ മാനിക്കാമെങ്കിലും നിയമങ്ങളുടെ കാര്യത്തിൽ പലതും തങ്ങൾക്ക്‌ ബാധകമല്ലെന്നും പറയുന്ന വരുടെ കൂട്ട്‌ കുഞ്ഞമ്മദ്‌ പലപ്പോഴും വി.എസ്സിനോട്‌ പെരുമാറുന്നു. അഴിമതിയാരോപണം ഗതികേടുകൊണ്ട്‌ അണികൾ വിഴുങ്ങുമ്പോളും ജനം വിഴുങ്ങുന്നില്ല.ഇതായിരിക്കാം ഒരു പക്ഷെ അഴിമതിക്കാരെ വാനോളം പുകഴ്ത്തുന്ന ബുജിയെ ചൊടിപ്പിക്കുന്നത്‌. വി.എസ്സിന്റെ മെക്കിട്ടുകയറുന്നതിന്റെ രഹസ്യം ഒരു പക്ഷെ അതായിരിക്കാം.

ജനങ്ങളുടെ നേതാവായ വീസ്സിനു ലഭിക്കുന്ന പിൻതുണ അണികളുടെ നേതാവിനു ലഭിക്കുന്നില്ല എന്നത്‌ കുഞ്ഞമ്മദിനെപ്പോലുള്ളവർക്ക്‌ സഹിക്കുന്നുണ്ടാകില്ല.അഴിമത്തിനടത്തിയാലും ഇന്ത്യൻ കമ്പനികളെ അവഗണിച്ച്‌ വേണ്ടത്ര ജാഗ്രതയോ മാനദൺധങ്ങളോ പാലിക്കാതെ വലതുപക്ഷങ്ങൾ പിൻതുടരുന്ന രീതിയിൽ വിദേശകമ്പനിക്ക്‌ കരാർ നൽകുകയും അതിലെ അഴിമതിയുമായി ബന്ധപ്പെട്ട്‌ അന്വേഷണ ഏജൻസിയുടെ കുറ്റപത്രത്തിൽ പേരുവരികയും അതുനാട്ടുകാർ തിരിച്ചറിയുകയും ചെയ്താലും പാർട്ടി സെക്രട്ടറിയെ പൈന്തുണക്കുവാനും അങ്ങേർക്ക്‌ സിന്താബാദ്‌ വിളിക്കുവാനും അണികൾ ബാധ്യസ്ഥരാണ്‌.എന്നാൽ ജനങ്ങൾക്ക്‌ ആ ബാധ്യത യില്ല.എന്തൊക്കെ പോരായ്മകൾ ഉണ്ടെങ്കിലും അവർ വി.എസ്സിനെ അനുകൂലിക്കുന്നു.ഇതു പലർക്കും തലവേദനയാകുന്നു.

അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുന്ന സമകാലിക രാഷ്ടീയത്തിൽ ഇത്തരം ഒരു വിഷയത്തിൽ പേരുവരുന്നതോടെ ഒരാൾ കാലഘട്ടത്തിനനുസരിച്ചുള്ള നേതാവാകുന്നു. അതുകൊണ്ട്‌ അദ്ദേഹത്തെ കാലഘട്ടത്തിന്റെ നേതാവായി വാഴ്ത്തുവാൻ ആസ്ഥാന ബുജികളും,കവികളും അണി ചേരുന്നു.

santhoshhrishikesh said...

പ്രകരണത്തില്‍ നിന്ന് സൗകര്യ പൂര്‍വം അടര്‍ത്തി മാറ്റി വാക്കുകളെ സാസ്കാരിക വിശകലനത്തിനു വിധേയമാക്കുന്നത് ഏതു വ്യവഹാരവിശകലനത്തിന്റെ യുക്തിയും ധാര്‍മികബോധവും കൊണ്‍ടാണെന്ന് മനസ്സിലായില്ല.
മന്ദബുദ്ധി എന്ന് ഒരു രാഷ്ട്രീയ സംവാദത്തില്‍ ഒരാളെ ആഭിസംബോധന ചെയ്യുന്നതിലെ ബൗധ്ധിക നിലവാരത്തില്‍ നിന്നു ചിന്തിച്ചാല്‍ കുരങ്ങന്‍ വിളിയുടെ ഔചിത്യം തീര്‍ത്തും വെളിപ്പെടും.
എന്റെ സങ്കടം അതല്ല.കെ.ഇ. എന്‍. അനാവശ്യമായ ഒരു സന്ദര്‍ഭത്തില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ചത് എന്തിനായിരുന്നു? അതും സുധാകരന്‍ പോലും ഔചിത്യം കാണിച്ച് നിശബ്ദനായിരുന്നപ്പോള്‍?
ഒരു പ്രത്യയ ശാസ്ത്ര അധിനിവേശത്തെ ചെറുക്കുന്ന ഇടതു പക്ഷ ബുദ്ധിജീവിയുടെ കര്‍തവ്യം കമ്മുണിസ്റ്റ് പ്രസ്ഥാനങ്ളിലെ ആശയ സമരങ്ങളെ പ്രശ്നങ്ങളെ ശരിയായ ദിശയിലേക്കു നയിച്ച് ആശയപരമായ വ്യക്തത ഉണ്‍ടാക്കുകയാണു . ഇടയില്‍ നിന്നു ചുടുചോറുമാന്തിക്കളിക്കുകയല്ല.
h.k.santhosh
http://hksanthosh.blogspot.com